ഷിക്കാഗോ: ഷിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോമലബാർ ജൂബിലി കൺവെൻഷനിൽ വിവിധ സഭാ–സാമൂഹിക മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യേക സമ്മേളനങ്ങളും വർക്ക്ഷോപ്പുകളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സഭാസമൂഹത്തിലെ വ്യത്യസ്ത പ്രായത്തിലും പ്രഫഷണലുകളിലുമുള്ള വ്യക്തികളെ ഒന്നിപ്പിക്കുന്നതിനായി കൺവൻഷൻ ചെയർമാൻ ബിജി മാണിയുടെയും സ്പെഷ്യൽ ഇവന്റ് ചീഫ് കോർഡിനേറ്റർ ജോമോൻ ചിറയിലിന്റെയും നേതൃത്വത്തിലാണ് വിപുലമായ പന്ത്രണ്ട് പ്രത്യേക കൂട്ടായ്മകകളുടെ സമ്മേളനങ്ങൾ ക്രമീകരിച്ചത്.
വിശ്വാസ പരിശീലനവും സഭാ ഭരണരംഗവും :
വിശ്വാസ പരിശീലന രംഗത്തെ ആധുനിക വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സിസിഡി അധ്യാപകർക്കായി നടത്തിയ പ്രത്യേക വർക്ക്ഷോപ്പിൽ ഫാ. ഡോ. ജോർജ് ദാനവേലിൽ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സന്നിധ്യത്തിലായിരുന്നു അധ്യാപകരുടെ ഈ സമ്മേളനം.
ഇടവകകളുടെ ഭരണ–സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി ട്രസ്റ്റികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ നയിച്ചു. ബിഷപ് മാർ ജോയ് ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എന്നിവർ ട്രസ്റ്റിമാരുടെ യോഗത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
അമേരിക്കയിലെ സീറോ മലബാർ കത്തോലിക്കരുടെ കൂട്ടായ്മയായ എസ്എംസിസി പ്രതിനിധികളുടെ യോഗത്തിൽ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, റവ. മോൺ. ഡോ. ജോസഫ് തടത്തിൽ, ഫാ. ജോർജ് എളമ്പാശ്ശേരി എന്നിവർ പ്രസംഗിച്ചു.
പ്രഫഷണൽ മുന്നേറ്റവും കാരുണ്യപ്രവർത്തനവും സഭയിൽ:
അമേരിക്കയിലെ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നഴ്സുമാർക്കായി സംഘടിപ്പിച്ച പ്രത്യേക സംഗമത്തിൽ കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാർ ജോയ് ആലപ്പാട്ട്, ഫാ. വികാരി ജനറാൾ ഫാ. തോമസ് കടുകപ്പള്ളിൽ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.
അമേരിക്കയിലെ പ്രവാസി മലയാളി കുട്ടികൾക്ക് മാതൃഭാഷ പകർന്നുനൽകുന്ന മലയാളം സ്കൂൾ അധ്യാപകരുടെ വർക്ക്ഷോപ്പിലും സഭയിലെ ഗായകസംഘത്തിന്റെ സംഗമത്തിലും പ്രമുഖ വചനപ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ക്ലാസുകൾ നയിച്ചു.
ഗായകസംഘത്തിന്റെ യോഗത്തിൽ ഫാ. ജോണിക്കുട്ടി പുലിശേരിയും പങ്കെടുത്തു. കാരുണ്യപ്രവർത്തന മേഖലയിൽ സജീവമായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ ലക്ഷ്യമിട്ട് നടത്തിയ സമ്മേളനം ബിഷപ് മാർ ജോസ് കല്ലുവേലി ഉദ്ഘാടനം ചെയ്തപ്പോൾ, സഭയിലും സമൂഹത്തിലും സുരക്ഷിത പരിസ്ഥിതി ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ നേതൃത്വം നൽകി.